കായംകുളത്ത് നിന്ന് ഈയിടെ കോടികൾ തട്ടിയതിന്റെ പേരിൽ ഒരു വ്യാജ തങ്ങളെ പോലീസ് പിടി കൂടുകയുണ്ടായി. ഇത് കേരളത്തിൽ അപൂർവ്വമായ കാര്യമൊന്നുമല്ല. നിത്യേനയെന്നോണം വ്യാജ സിദ്ധന്മാരും വ്യാജ ഡോക്ടർമ്മാരുമൊക്കെ പോലീസ് പിടിയിൽ അകപ്പെടാറുണ്ട്. എങ്കിൽ തന്നെയും ജനങ്ങൾ വീണ്ടും വീണ്ടും തട്ടിപ്പുകൾക്ക് ഇരയാവുന്നുമുണ്ട്. ഇതെന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
കഠിനമായി അദ്ധ്വാനിച്ചിട്ടും കാര്യങ്ങളിലൊക്കെ എന്തൊക്കെയോ തടസ്സങ്ങൾ, നിരന്തരമായി അലട്ടുന്ന രോഗങ്ങളും മാനസ്സിക പ്രയാസങ്ങളും, എല്ലാമുണ്ടായിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റാത്ത വിഷമം, ശത്രുക്കൾ ഒത്ത് ചേർന്ന് പ്രയോഗിക്കുന്ന കുതന്ത്രങ്ങളും ചതികളും, വീട്ടിയാലും വീട്ടിയാലും തീരാത്ത കടബാദ്ധ്യതകൾ, വിവാഹ പ്രായമെത്തിയിട്ടും മംഗല്യ ഭാഗ്യമില്ലാത്ത പെണ്മക്കൾ, ഏറെ ശ്രദ്ധാപൂർവ്വം വളർത്താൻ ശ്രമിച്ചിട്ടും പിഴച്ച് പോകുന്ന മക്കൾ.... എന്നിങ്ങനെ ഏതൊരു മനുഷ്യനും ഉണ്ടാകാവുന്ന, ആരും പതറി പോകുന്ന ഒട്ടനവധി ജീവിത സന്ദർഭങ്ങളുണ്ട്. എത്ര തന്നെ പ്രാർത്ഥിചിട്ടും എന്റെ റബ്ബ് എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ എന്ന് തോന്നിപ്പോയേക്കാവുന്ന അവസരങ്ങൾ. 'ഇനിയെന്ത്?' എന്ന ചോദ്യ ചിഹ്നവുമായി മനസ്സ് വിഷണ്ണമായിരിക്കുമ്പോളാവും ഒരു എജന്റായോ, പത്രപരസ്യമായോ, ഉദ്ദിഷ്ട കാര്യം സാധിച്ച അനുഭവസ്ഥന്റെ രൂപത്തിലോ ഒരു സിദ്ധനെ പറ്റി അറിയുന്നത്. ആശ്രയിക്കുന്നവരുടെ പ്രശ്നങ്ങൾ കേട്ട് അതിനുള്ള പരിഹാര മാർഗ്ഗം അയാൾ നിർദ്ദേശിക്കും എന്നറിയുമ്പ്പോൾ ഗതി മുട്ടിയ ആ മനുഷ്യൻ എല്ലാം മറന്നു സിദ്ധനിൽ തന്റെ പ്രശ്നങ്ങൾ സമർപ്പിക്കും. റബ്ബിന്റെ സമീപ്യം നേടിയ ഈ ഔലിയാക്കൾ അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് അഥവാ സിദ്ധി കൊണ്ട് നമ്മളെ സഹായിക്കും എന്ന് ആശ്വസിക്കും. എവിടെയാണു പ്രശ്നമെന്ന് മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു ഇവർക്ക് നൽകിയിട്ടുണ്ട് എന്നാണു സങ്കൽപം. ഒരു വസ്തു കാണാതെ പോയാൽ അത് കണ്ടെത്താനും സിദ്ധിയുള്ളവർക്ക് കഴിയും എന്ന് പൊതുജനം വിശ്വസിക്കുന്നു.
യഥാർത്ഥത്തിൽ മുഅജിസത്തുകളെ പറ്റിയോ കറാമത്തുകളെ പറ്റിയോ ശരിയായ ധാരണയില്ലാത്തതാണു പാമര ജനങ്ങൾ എന്നും ചൂഷണത്തിൽ കഴിഞ്ഞ് കൂടാൻ കാരണം.
എന്താണു മു അജിസത്ത്?
അല്ല്ലാഹു തന്റെ പ്രവാചകന്മാർക്ക് അവർ അല്ലാഹുവിന്റെ ദൂതന്മാർ ആണു എന്നതിന്റെ തെളിവായി അവതരിപ്പിക്കുന്ന ദ്രിഷ്ടാന്തങ്ങളാണു മുജിസത്തുകൾ. അത് അവരുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നതല്ല. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന അറിവ് തന്നെ അവർക്ക് ഉണ്ടാകണം എന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അത് സംഭവിക്കുന്നു. മൂസാ നബി അ സ യുടെ സംഭവം വിശുദ്ധ ക്വുർ ആനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുമ്പോൾ ഇത് ബോധ്യമാകും.
"അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.(20:19,20)"
"മൂസാ പറഞ്ഞു: ഫിര്ഔനേ, തീര്ച്ചയായും ഞാന് ലോകരക്ഷിതാവിങ്കല് നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില് സത്യമല്ലാതൊന്നും പറയാതിരിക്കാന് കടപ്പെട്ടവനാണ് ഞാന്. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല് ഇസ്രായീല് സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്ഔന് പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില് അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില് പെട്ടവനാണെങ്കില്.അപ്പോള് മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്പ്പമാകുന്നു.(7:104 -107)"
"നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള് അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.(28:31)"
"അവന് പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്.(20:21)"
ഈ സന്ദർഭങ്ങൾ പഠിച്ചാൽ ബോധ്യമാകുന്ന വസ്തുത അല്ലാഹു വടി താഴെയിടാൻ പറഞ്ഞപ്പോൽ പോലും, മൂസാ നബിക്ക് തന്റെ വടി നിലത്തിട്ടാൽ പാമ്പ് ആകും എന്ന് അറിഞ്ഞില്ല എന്നതാണു. അദ്ദേഹം വടി പാമ്പായപ്പോൾ ഓടി രക്ഷപെടാനാണു ശ്രമിച്ചത്. ഈ സംഭവം വ്യക്തമാക്കുന്നത് വടിയെ പമ്പാകുക എന്നത് പൂർണ്ണമായും അല്ലഹുവിന്റെ കഴിവാണു, അതിൽ മൂസ നബിക്ക് പങ്കില്ല എന്നുമാണു.
കടൽ പിളർത്തിയ സംഭവം നോക്കൂ...
"അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള് മൂസായുടെ അനുചരന്മാര് പറഞ്ഞു: തീര്ച്ചയായും നാം പിടിയിലകപ്പെടാന് പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും. അപ്പോള് നാം മൂസായ്ക്ക് ബോധനം നല്കി; നീ നിന്റെ വടികൊണ്ട് കടലില് അടിക്കൂ എന്ന് അങ്ങനെ അത് (കടല് ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്വ്വതം പോലെ ആയിത്തീരുകയും ചെയ്തു"(26: 61-63)
ഇവിടെയും അല്ലഹുവിന്റെ ബോധനം വന്നതിനു ശേഷമാണു മൂസ നബി വടി കൊണ്ട് സമുദ്രത്തിൽ അടിക്കുന്നത്. വടി കൊണ്ട് അടിച്ചാൽ കടൽ പിളരുമെന്ന അറിവ് പോലും മൂസാ നബിക്കില്ല എന്ന് വ്യക്തം.
ഇത് മൂസാ നബിയുടെ മാത്രം കാര്യമല്ല എന്ന് വിശുദ്ധ ക്വുർ ആനിൽ കാണാം, സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങൾ അഥവാ അമാനുഷിക സംഭവങ്ങൾ കാണിക്കാൻ പ്രവാചകന്മാർക്ക് കഴിവ് ഇല്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു.
"അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ഞങ്ങള് നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന് ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന് ഞങ്ങള്ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള് ഭരമേല്പിക്കേണ്ടത്.(14:11)"
ഇനി സൃഷ്ടികളിൽ ഏറ്റവും ഉന്നതനായ മുഹമ്മദ് നബി സ അ യുടെ കാര്യം എടുക്കാം. എല്ലാവർക്കും നേർ മാർഗ്ഗം കിട്ടണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന സ്നേഹനിധിയായ പ്രവാചകൻ സ അ യോട് അവിശ്വാസികൾ അൽഭുതം പ്രവർത്തിക്കാൻ ആവഷ്യപെടുന്ന സന്ദർഭം വിശുദ്ധ ക്വുർ ആൻ വിവരിക്കുന്നുണ്ട്. അതിൽ വ്യക്തമായും പറയുന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് പ്രവാചകനില്ല എന്നാണു. മറിച്ച് അത് അല്ലാഹുവിന്റെ അധീനത്തിലാണു എന്നാണു.
"അവര് പറഞ്ഞു: ഈ ഭൂമിയില് നിന്ന് നീ ഞങ്ങള്ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള് നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില് നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള് ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില് നീ ജല്പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല് കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില് അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില് നിനക്ക് സ്വര്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില് ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള് വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ ?(17: 90-93)"
"അവര് പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില് ഭൂമിയില് (ഇറങ്ങിപ്പോകുവാന്) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന് നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല് നീ ഒരിക്കലും അവിവേകികളില് പെട്ടുപോകരുത്.(6:35)."
"നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്.(13:38) "
അല്ലാഹുവല്ലാത്ത ആർക്കും അവൻ അറിയിച്ച് കൊടുക്കാതെ മറഞ്ഞ കാര്യങ്ങൾ അറിയാൻ സാധിക്കില്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു. അല്ലാഹു അവനുദ്ധേസിക്കുമ്പോൾ അവന്റെ പ്രവാചകന്മാർക്ക് അതിൽ നിന്നും ചിലവ വെളിപ്പെടുത്തുന്നു. അത് പൂർണമായും അവന്റെ അധീനത്തിലാണു.
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില് എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.(6:59)
പ്രവാചകന്മാരുടെ യുഗം അവസാനിച്ചു. അവസാനത്തെ വഹ്യും നിലച്ചു. ഇനി വാന ലോകത്ത് നിന്നും വഹ്യോ ഇൽഹാമോ ഒന്നും തന്നെ വരാനില്ല എന്ന് പ്രവാചകൻ നമ്മെ പഠിപ്പിച്ച് തന്നിട്ടാണു പോയത്
അബുഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങള്ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില് ചില പുരുഷന്മാരുണ്ടായിരുന്നു. അവര് നബിമാരായിരുന്നില്ല. എന്നിട്ടും അല്ലാഹു അവരോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ അനുയായികളില് അത്തരം ഒരാളുണ്ടെങ്കില് അതു ഉമര് മാത്രമാണ്. (ബുഖാരി. 5. 57. 38)
അല്ലാഹു ഓരോ സൃഷ്ടിക്കും അത് ജീവനുള്ളതാകട്ടെ, ജീവനില്ല്ലാത്തതാകട്ടെ ഒരു പ്രകൃതി നൽകിയിട്ടുണ്ട്. അതിനതീതമായി പ്രവർത്തിക്കാൻ ഒരു സൃഷ്ടിക്കും സാധിക്കില്ല. പ്രകൃതിക്കതീതമായ അമാനുഷിക സംഭവങ്ങൾ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം സംഭവിക്കുന്നു. അതിന്റെ പൂർണ്ണമായ കൈകാര്യ കർത്താവു അല്ലാഹു മാത്രമാണു.
അതിനു അധികാരമുള്ള കുറച്ച് പേരെ കൂടി അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ അത് വ്യക്തമായ ബഹുദൈവവിശ്വാസമാണു.മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണത്.
അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ; "അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ". ( സ്വഹീഹ് മുസ്ലിം)
അല്ലാഹു കാക്കട്ടെ! ആമീൻ.

No comments:
Post a Comment