Wednesday, November 27, 2013

മുഹിയിദ്ദീന്‍ ശൈഖും മുഹിയിദ്ദീന്‍ മാലയും

                മുഹിയിദ്ദീന്‍ ശൈഖും മുഹിയിദ്ദീന്‍ മാലയും

                                                 ബിസ്മില്ലാഹി റഹ്മാനി റഹീം

                              പരിശുദ്ധ ഇസ്ലാമിന് വൈജ്ഞ)നികമായ നിരവധി സംഭാവനകള്‍ നല്കിയ പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ശൈഖ് മൂഹിയിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി (റ). ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നാവും തൂലികയും പടവാളാക്കികൊണ്ട് അദ്ദേഹം ശക്തമായ പോരാട്ടം നടത്തുകയുണ്ടായി. തന്‍റെ ഗ്രന്ഥങ്ങള്‍ അതിനുള്ള ജീവിച്ചിരിക്കുന്ന സാക്ഷികളാണ്.                            എന്നാല്‍ ആ മഹാന്‍റെ പേരില്‍ പില്‍കാലത്ത് ചില തല്‍പര കക്ഷികള്‍ കെട്ടിയുണ്ടാക്കിയ ശീര്‍ക്കിനും കുഫ്രിനും കയ്യും കണക്കുമില്ല. ആ വിഷയത്തില്‍ എണ്ണമറ്റ ഗ്രന്ഥങ്ങള്‍ തന്നെയുണ്ട്.ആക്കൂട്ടത്തില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഏറ്റവും പ്രചാരം സിദ്ധിച്ചവായാണ് മുഹിയിദ്ദീന്‍മാല, പുതിയ മുഹിയിദ്ദീന്‍മാലഖുതുബിയത്ത് തുടങ്ങിയവ. അവയുടെയെല്ലാം ഉള്ളടക്കം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അഥവാ ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദിനെ ശെരിക്കും പൊളിച്ചുകളയുന്നതും തല്‍സ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശീര്‍ക്ക് സ്ഥാപിക്കുന്നതാണ് അതില്‍ അധികവും എന്ന പച്ചയായ സത്യം! കൂടാതെ, അല്ലാഹുവിനോടും അവന്‍റെ മലക്കുകളോടും ധിക്കാരവും കാണിക്കുന്നവനാണ് ശൈഖ് എന്ന്‍ വരുത്തിത്തീര്‍ക്കുന്ന വരികളും, തനിച്ച കുഫ്രിയത്തായ അദ്വൈത സിദ്ധാന്തം അവധരിപ്പിക്കുന്നവയും അവയിലുണ്ട്. എന്നാല്‍ ഈ വസ്തുതകളൊന്നുമറിയാതെ നമ്മുടെ സാധാരണക്കാരായ സഹോദരങ്ങള്‍ അവ ഭക്തിയാദര പൂര്‍വ്വം പാടുകയും പാടിപ്പിക്കുകയും ചെയ്യുന്നു.സ്വര്‍ഗ്ഗ പ്രവേശനവും നരഗമുക്തിയും ലക്ഷ്യം വെച്ചാണവര്‍ ഇത് ചെയ്യുന്നത്.
     
                 മുഹിയിദ്ദീന്‍ശൈഖിന്‍റെ പേരില്‍ ഇന്ന്‍ നാട്ടില്‍ നടമാടികൊണ്ടിരിക്കുന്ന ശീര്‍ക്ക് ബിദ്അത്തുകള്‍ക്ക കയ്യും കണക്കുമില്ലെന്ന് പറഞ്ഞല്ലോ. ഖാദിരിയ്യ ത്വരീക്കത്ത്, ജീലാനി ത്വരീക്കത്ത്, ആലുവ ത്വരീക്കത്ത് എന്നിങ്ങനെ അദ്ദേഹത്തിന്‍റെ പേരില്‍ നിരവധി ത്വരീക്കത്തുകള്‍ തന്നെ നിലവിലുണ്ട്. പ്രസ്തുത ത്വരീക്കത്തുകാരെല്ലാം ആ മഹാന്‍റെ പേരിലാണ് തങ്ങളുടെ ഇസ്ലാമിക വിരുദ്ധ ആശയങ്ങളെ ഇറക്കുമതി ചെയ്യുന്നത്. ഈ അടുത്തകാലത്തായി ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു .
    
                മഹാനായ മുഹിയിദ്ദീന്‍ ശൈഖ് (റ) പ്രബോധനം ചെയ്ത ആശയങ്ങള്‍ക്ക് നേര്‍ വിപരീതമായി, മതത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്ത സാധാരണക്കാരന്‍ പോലും പറയാനും ചെയ്യാനും ധൈര്യപ്പെടാത്ത ധിക്കാരവും മതനിന്ദയുമാണ് പ്രസ്തുത മാലകളിലൂടെ അതില്‍ പറയുന്ന ശൈഖ് ചെയ്തുകൂട്ടിയിട്ടുള്ളത്. അതിനാല്‍ നമുക്ക് തീര്‍ത്തും പറയാനാകും ആ ശൈഖ് ചരിത്രത്തില്‍ കടന്നുപോയ യഥാര്‍ത്ഥ മുഹിയിദ്ദീന്‍ ശൈഖ് അല്ല എന്ന്‍. എന്നാല്‍ ഇത് ശൈഖ് ജീലാനി (റ) യെ ഇകഴ്ത്തലോ നിന്ദിക്കലോ ആയി ആരും വിലയിരുത്തരുത്. മറിച്ച് ഇസ്ലാമിന്‍റെ ശത്രുക്കള്‍ അദ്ദേഹത്തെ നിന്ദിക്കാന്‍ വേണ്ടി പറഞ്ഞ ദുരാരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം മനസിലാക്കുക.

                          ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ബഹുദൈവാരാധനയ്ക്കെതിരെയും മതത്തില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ക്കെതിരിലും ശക്ത്മായി പടപൊരുതുകയും ചെയ്ത ധീരനായ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു  മുഹിയിദ്ദീന്‍ ശൈഖ് ”  എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ).
    
             ജീലാന്‍ എന്ന പട്ടണത്തിന് സമീപമുള്ള നീപ് ”  എന്ന ഗ്രാമത്തില്‍ ഹിജ്റ:470 റമളാന്‍ ഒന്നിന് (ക്രി.1077-78) അദ്ദേഹം ജനിച്ചു. പിതാവ് സയ്യിദ് അബൂസ്വാലിഹിബ്നു മൂസയും മാതാവ് ഉമ്മുല്‍ ഖൈര്‍ (അമത്തുല്‍ ജബ്ബാര്‍ ഫാത്വിമ) യും ആകുന്നു. പിതാവ് നബി (സ.അ) യുടെ പൌത്രനായ ഹസ്സന്‍ (റ)വിന്‍റേയും മാതാവ് ഹുസ്സൈന്‍ (റ)വിന്‍റേയും വംശപരംപരയില്‍ പ്പെട്ടവരാണ്.
     
             അമവിയ്യാ വംശജനായ യെസീദിന്‍റെ ഭരണകാലത്ത് ഭരണകൂടത്തോടുള്ള അതൃപ്തി മൂലം സ്വദേശം വെടിഞ്ഞു കാസ്പിയന്‍ കടല്‍ തീരത്തുള്ള തബറിസ്ഥാന്‍ സംസ്ഥാനത്ത് ആ വംശപരമ്പര കുടിയേറി പാര്‍ക്കുകയുണ്ടായി. തബരിസ്ഥാനില്‍ ഉള്ള ഒരു പട്ടണമാണ് ജീലാന്‍ എന്ന കാര്യം സ്മരണീയമാകുന്നു.
                       
                        ശൈഖിന്‍റെ ബാല്യ ദശയില്‍ തന്നെ    പിതാവും അതിനുശേഷം പിതാമഹനായ സയ്യിദ് അബ്ദുല്ലയും പരലോകം പൂകി. പിന്നീട് മാതാവിന്‍റെ ലാളനയിലും മേല്‍നോട്ടത്തിലും ആണ് ശൈഖ് വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും. മാതാവ് ദൈവ ഭക്തിയിലും പാണ്ഡിത്യത്തിലും പ്രശസ്തിയാര്‍ജ്ജിച്ച ഒരു മഹിളയായിരുന്നു. പലവിധ ക്ലേശങ്ങളും സഹിച്ച ആ മഹതി തന്‍റെ മകനെ 18 വയസുവരെ സ്വദേശത്ത് തന്നെ വിദ്യ അഭ്യസിപ്പിച്ചു. അദ്ദേഹത്തിന്റെ പഠന സാമര്‍ത്യവും താന്‍റേടവും സകലരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചിരുന്നു.
                         
                        ഖലീഫമാരും ഭരണകര്‍ത്താക്കളും അവര്‍ക്ക് പ്രചോദനം നല്കേണ്ട പണ്ഡിതന്മാരും ആലസ്യത്തിന്‍റെ അടിത്തട്ടില്‍, സ്വാര്‍ഥതയുടെ വിരിമാറില്‍, സ്വന്തം ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളെയും വിസ്മരിച്ച് കഴിയുമ്പോള്‍ സാധാരണ ജനങ്ങള്‍ അധ:പഠനത്തിന്റെ അടിതട്ടിലേക്ക് വഴുതിപ്പോകുക സ്വഭാവികമാണല്ലോ . ഈ സന്ദര്‍ഭത്തിലാണ് ശൈഖ് പതിനെട്ടാമത്തെ വയസ്സില്‍  സ്വദേശത്തുള്ള  പഠനം  പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. മുസ്ലിം രാഷ്ട്രങ്ങളുടെ ശോചനീയവസ്ഥയെ കുറീച് ഇതിനകം തന്നെ പഠനം നാദത്തി കഴിഞ്ഞിരുന്നു. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നുപോകുന്നതുമായ കാഴ്ച അദ്ദേഹത്തെ വളരെയധികം ദുഖിപ്പിച്ചു. അതുകൊണ്ട് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ പോയി ഉപരിപഠനം നടത്തുന്നതിനും സമുദായ സേവനം അനുഷ്ട്ടിക്കുന്നതിനും അദ്ദേഹം തീര്‍ച്ചയാക്കി. ഇസ്ലാമിന്‍റെ  മൂലപ്രമാണങ്ങളായ ഖുര്‍ആനിന്‍റെയും ഹദീസിന്‍റേയും സ്ഥാനത്ത് മനുഷ്യനിര്‍മിതമായ ഗ്രന്ഥങ്ങളും ഫത്വകളും സ്ഥാനം പിടിച്ച കാലകട്ടമായിരുന്നു അത്. ശൈഖിന്‍റെ മാതാവ് തന്‍റെ മകനെ 300 ല്‍ പരം മൈല്‍ ദൂരമുള്ള ബാഗ്ദാദ് പട്ടണത്തിലേക്ക് കാല്‍നടയായി അയക്കുന്നതിന് സന്നദ്ധയായി. ഭരണാധികാരികളുടെ താളത്തിന്നോത്ത് തുള്ളുന്നവരായിരുന്നു അന്നത്തെ പണ്ഡിത വര്‍ഗ്ഗം!!. മാതരംഗം ഇങ്ങനെയൊക്കെയാണെങ്കിലും വിജ്ഞാനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ബാഗ്ദാദ് പട്ടണത്തില്‍ അപൂര്‍വമായിട്ടെങ്കിലും യഥാര്‍ത്ഥ ജ്ഞാനികളും വിദ്യാലയങ്ങളും അവശേഷിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ശൈഖ് മുഹിയിദീന്‍ പലവിധ യാദനകളും സഹിച്ച് ബാഗ്ദാദിലേക്ക് പോകാന്‍ തയ്യാറായത്.

                        സര്‍വ്വകലാശാല പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ “യൂസുഫിബ്നു അയ്യൂബില്‍ ഹമദാനി ” എന്ന അവിടുത്തെ പ്രസിദ്ധ പണ്ഡിതന്‍ മുസ്ലിങ്ങളെ സമുദ്ദരിക്കുന്നതിനായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ എയര്‍പ്പെടണമെന്ന് ശൈഖിനോട് ഉപദേശിച്ചു. തന്‍റെ കഴിവ് അതിന് പര്യാപ്തമാണോ എന്ന്‍ ശൈഖിന് സംശയമുണ്ടായിരുന്നു. എങ്കിലും ആ പണ്ഡിതന്‍ ശൈഖിന്‍റെ അനിതര സാധാരണമായ പാണ്ഡിത്യത്തിന്റെയും പക്വതയുടെയും നില നല്ലത്പോലെ അറിവുണ്ടായിരുന്നത് കൊണ്ട് ശൈഖിന് പ്രേരണയും പ്രോല്‍സാഹനവും നല്കി. അതനുസരിച്ച് അദ്ദേഹം വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ പോകുകയും അവിടങ്ങളില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഹിജ്റ 512 വരെ (26 വര്ഷം) അദ്ദേഹം മുസ്ലിം രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് ഇസ്ലാമിക  പ്രബോധനം നടത്തി.

                        ഹിജ്റ 561 ല്‍ റബീഉല്‍ ആഖീര്‍ ഒന്നിന് അദ്ദേഹം രോഗശയ്യയിലായി മരനാസന്നനാണെന്ന് മനസിലാക്കിയ മൂത്തപുത്രന്‍ ശൈഖ് അബ്ദുല്‍ വഹാബ് പിതാവിനെ സമീപിച്ച് വസിയ്യത്ത് (ഉപദേശം) ആവശ്യപ്പെട്ടു.അതിന് അദ്ദേഹം ഇങ്ങനെ പ്രവചിച്ചു      “നീ അല്ലാഹുവിനെ ഭയപ്പെടുക, അവന്നെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുക, അവനില്‍ നിന്നല്ലാതെ മാറ്റാരില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക ഇതെല്ലാം നിന്‍റെ കടമകളാണ്. അവന്നെയല്ലാതെ മറ്റാരെയും ആശ്രയിക്കാതിരിക്കുകയും, മാറ്റാരിലും വിശ്വാസമര്‍പ്പിക്കാതിരിക്കുകയും, അവനോടല്ലാതെ മറ്റാരോടും പ്രാര്‍ത്തിക്കാതിരിക്കുകയും ചെയ്യുക. അവന്‍റെ ഏകത്വത്തെ ( തൌഹീദ്) മുറുകെപിടിക്കുക ”      
ഇങ്ങനെ  ആദര്‍ശ വിഷയങ്ങള്ക്കും പാരത്രിക കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഉപദേശമാണ് അദ്ദേഹം നല്കിയത്.

                        റബീഉല്‍ ആഖിര്‍ 11 ആയപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മൂര്‍ധാന്യത്തില്‍ എത്തി. രാത്രി നമസ്കാരത്തിന് ശേഷം അദ്ദേഹം രണ്ട് റക്കഅത്ത് സുന്നത്ത് നമസ്കരിക്കുകയും അത് കഴിഞ്ഞു ഇഹലോകവാസം വെടിയുകയും ചെയ്തു. (ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍)

                        ശൈഖിന്‍റെ പേരില്‍ അറിയപ്പെടുന്ന ഫത്ത്ഹുല്‍ ഗൈബ്, ഫത്ത്ഹുല്‍ റബ്ബാനി, ഗുന്യത്തുല്‍ത്വാലിബ്ബീന്‍ എന്നീ ഗ്രന്ഥങ്ങളല്ലാതെ മറ്റ് ഗ്രന്ഥങ്ങള്‍ ഉള്ളതായി അറിയുന്നില്ല. എന്നാല്‍ പില്‍കാലത്ത് അദ്ദേഹത്തേകുറിച്ച് അദ്ദേഹത്തിന്റെ മഹത്വത്തിനും ആദര്‍ശത്തിനും യോജിക്കാത്ത ഒട്ടനേകം കെട്ടുകഥകൈഉം വ്യാജപ്രസ്താവനകളും ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അവ പദ്യരൂപത്തിലും ഗാദ്യരൂപത്തിലും ആയി ഇന്നും നിലകൊള്ളുന്നു . അതില്‍പ്പെട്ട നമ്മുടെനാട്ടില്‍ ഏറെ പ്രചാരം സിദ്ധിച്ച വളരെ അപകടകരമായ ചിലതാണ് : മുഹിയിദീന്‍ മാല, ഖുതുബിയത്ത്, ഫുയൂലാത്ത് തുടങ്ങിയവ. അല്ലാഹുവിന്‍റെ പേരിലും പുണ്യപ്രവാചകന്‍ (സ.അ) യുടെയും പേരില്‍ ആയിരകണക്കിന് കളവുകളും കള്ളഹദീസുകളും നിര്‍മിച്ച് പ്രചരിപ്പിക്കാനുള്ള ചങ്കൂറ്റം പണ്ഡിതന്‍മാര്‍ക്ക് ഉണ്ടാകാമെങ്കില്‍ ശൈഖിന്‍റെ പേരിലും അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുകയില്ലല്ലോ? പക്ഷേ മുഹിയിദീന്‍ ശൈഖ് (റ) യുടെ യഥാര്‍ത്ഥ ജീവിതവും പ്രബോധനവും സ്വന്തം ഗ്രന്ഥങ്ങളില്‍ നിന്നും സത്യസന്ധമായ ചരിത്രത്തില്‍നിന്നും മനസിലാക്കിയവരാരും അത്തരം കള്ളകഥകളിലും വ്യാജപ്രസ്താവനകളിലും വഞ്ചിതരാകുകയില്ല.

                        ചുരുക്കത്തില്‍ മുഹിയിദീന്‍ ശൈഖ് (റ) ഇസ്ലാമിന് വേണ്ടി നിരവതി വൈജ്ഞാനിക സംഭാവനകള്‍ നല്കിയ ഒരു പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു . ഇസ്ലാമിനുവേണ്ടി സമ്മാനിച്ച അദ്ദേഹത്തിന്റെ സേവനങ്ങളും ത്യാഗങ്ങളും  വിലമതിക്കാനാകാത്തതാണ്. പക്ഷേ അദ്ദേഹത്തെ ചരിത്രവും പിന്‍ഗാമികളും സ്വീകരിച്ചത് ഒരു ദിവ്യപുരുഷനും അമാനുഷികനുമായിട്ടാണ്‍. അതാകട്ടെ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്ക് തീര്‍ത്തൂം വിരുധ്ടവുമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ നല്ല ചര്യകളെ നാം മാതൃകയാക്കുകയും അദ്ദേഹത്തിന്റെ പേരില്‍ ആളുകളുണ്ടാക്കിയ ദുശ്ചര്യകള്‍ ഉപേക്ഷിക്കുകയും ചെയ്യുക. അതിന് സര്‍വ്വശക്തനായ നാഥന്‍ നമുക്ക് തൌഫീഖ് നല്‍കുമാറാകട്ടെ ! ആമീന്‍ ................                     



No comments:

Post a Comment