മതമുള്ളവനും മതേതരനുമായ എല്ലാ ആധുനിക വ്യക്തികളുടെയും മനസ്സിൽ അറിഞ്ഞോ അറിയാതെയോ മാർഗ്ഗദീപമായി മുന്നിലുള്ള ഒരു ആശയമാണു ഞാൻ ഈ എഴുതിയത്. നീതിക്ക് വേണ്ടി ഒരു പരലോകം വരെ കാക്കേണ്ടതുണ്ടോ? ഈ മണ്ണിൽ തന്നെ സമത്വ സുന്ദരമായ ഒരു സ്വർഗ്ഗം പണിയാം എന്നതാണു എല്ലാ ഇസങ്ങളുടെയും അടിസ്ഥാനം. ഓരോ ഇസങ്ങളും മനുഷ്യന്റെ അസമത്വങ്ങൾക്ക് ചില കാരണങ്ങൾ മുന്നോട്ട് വെയ്ക്കുകയും അവയെ ഉന്മൂലനം ചെയ്യുവാനു അക്ഷീണ യത്നത്തിനു ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പ്രായോഗിക തലത്തിൽ ഈ വിഭാവനം ചെയ്യപ്പെടുന്ന സമത്വ സുന്ദര ലോകം ഉണ്ടാകുന്നുമില്ല!
പ്രകൃതിപരമല്ലാത്ത ആശയമാണു വാസ്തവത്തിൽ സമത്വം എന്നത് തന്നെയാണു ഈ പരാജയത്തിന്റെ കാരണം. ഏതൊരു സമൂഹത്തിന്റെയും പ്രകൃതിപരമായ വിന്യാസം പരീക്ഷിച്ചാൽ അതിൽ ഒരു ബെൽസ് കർവ്വ് നമുക്ക് ദർശ്ശിക്കാൻ സാധിക്കുന്നു. അതിനർത്ഥം ഏതൊരു സമൂഹത്തിലും ഒരു ഗുണം ഏറ്റവും കുറഞ്ഞ നിലയിലും കൂടിയ നിലയിലും ഉള്ളവർ വളരെ കുറവായിരിക്കും എന്നാണു. ബഹുഭൂരിഭാഗവും ശരാശരിയോട് അടുത്ത ഗുണം ഉള്ളവരായിരിക്കും. ഇങ്ങനെ നോക്കിയാൽ ഭാവനാശേഷി, ആസൂത്രണം, അർപ്പണമനോഭാവം, കഠിനാധ്വാനം, നേതൃത്വ പാടവം , ഇച്ഛാശക്തി, തുടങ്ങിയ വിജയത്തിന്റെ അടിസ്ഥാനങ്ങളായ ഗുണങ്ങൾ ഉള്ളവർ വളരെ തുച്ചമായിരിക്കും. സ്വാഭാവികമായും അനുകൂല സാഹചര്യത്തിൽ അവർ ശരാശരിക്കാരനെ കടത്തി വെട്ടും. ഇത് പ്രകൃതിപരമാണു. എന്നാൽ മേൽപറഞ്ഞ കഴിവുകൾ ഉണ്ടായിട്ടും സമൂഹത്തിലെ ഉച്ചനീചത്വങ്ങലുടെ പേരിൽ അഥവാ ജന്മത്തിന്റെ പേരിൽ മുഖ്യധാരയിൽ എത്തിപ്പെടാൻ പറ്റാതെ പോയവരുടെ കാര്യമോ?
അപ്പോൾ വ്യക്തമാകുന്ന യാഥാർത്ഥ്യം ബെൽസ് കർവ്വിനെ അടിച്ച് പരത്തുക എന്നത് പ്രായോഗികമല്ല എന്നും പകരം പ്രകൃതിപരമായ സൽഗുണങ്ങളുടെ സ്വാഭാവികമായ സൂതികർമ്മത്തിനാവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണു ശരിയായ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുമാണു.. എല്ലാവരെയും ഒരേ തട്ടിലാക്കുക എന്നത് നടപ്പില്ല എന്ന് ചുരുക്കം.
വാസ്തവത്തിൽ സ്വർഗ്ഗവും നരകവും ഇവിടെ തന്നെ എന്ന ആശയം മുന്നോട്ട് വെക്കുന്നത് കംബോള സംസ്കാരമാണെന്ന് നമ്മിൽ എത്ര പേർ തിരിച്ചറിയുന്നുണ്ട്? ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗ്ഗം സൃഷ്ടിക്കാൻ കടിഞ്ഞാണില്ലാത്ത ഒരു ഭോഗാസക്തിയിലേക്കാണു കമ്പോളം നമ്മളെ ക്ഷണിക്കുന്നത്. പരമാവധിയുള്ള ആസ്വാദനത്തിനായി പ്രകൃതി സമ്പത്തിനെ അങ്ങേയറ്റം വരെ ചൂഷണം ചെയ്യാനും പ്രകൃതിയുടെ സന്തുലനം തെറ്റിയാലും സാരമില്ല ഇവിടെ എന്റെ ജീവിതം സ്വർഗ്ഗതുല്യമാക്കണം എന്ന മനസ്ഥിതിയുമാണു അതിന്റെ പരിണതി. ഫലമോ യാതൊരു വിധ മൂല്യങ്ങളുമില്ലാതെ സംഘടിതവും അല്ലാതെയുമുള്ള പരസ്പര ചൂഷണവും പ്രകൃതി ചൂഷണവും.
നമുക്ക് എന്ത് കൊണ്ടാണു മൂല്യമുള്ള നേതാക്കളെ കിട്ടാത്തത് എന്നതിന്റെ ഉത്തരം കിടക്കുന്നതും ഇവിടെ തന്നെ. സമൂഹത്തിൽ നിന്ന് തന്നെ ഉയർന്ന് വരുന്ന നേതാക്കൾക്കും സമൂഹത്തിന്റെ മൂല്യശോഷണം പ്രതിഫലിക്കും. സമൂഹത്തിന്റെ ഏതൊരു പരിച്ഛേദം എടുത്താലും ഇത് തന്നെ സ്ഥിതി. എല്ലാവരും ഭൂമിയിൽ തന്റേതായ സ്വർഗ്ഗം പണിയുന്ന തിരക്കിലാണു. !
മതവിശ്വാസികൾ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരുടെ അവസ്ഥയും ഒട്ടും വിഭിന്നമല്ല. നേർച്ച വഴിപാടുകളുടെ ഉദ്ദേശങ്ങൾ പരിശോധിക്കുമ്പോൾ ഇത് കുറച്ച് കൂടെ വ്യക്തമാകും. എല്ലാം ഇവിടെ സ്വർഗ്ഗം പണിയാനുദ്ദേശിച്ച് തന്നെ. ദൈവം പിന്നെ തരുന്നതും കാത്ത് ക്ഷമിച്ചിരിക്കാനൊന്നും ആളെ കിട്ടില്ല. ഒരിടത്ത് കാര്യം നടന്നില്ലെങ്കിൽ അടുത്തിടത്ത്! ഉദ്ദിശ്ടകാര്യ ലബ്ധിയാണു ഒരു ആധ്യാത്മിക വ്യവസായ സ്ഥാപനത്തിന്റെ മാർക്കറ്റ് നിശ്ചയിക്കുന്നതും!
വാസ്തവത്തിൽ ഇതാണോ മതവിശ്വാസം? തന്റെ മുൻപിൽ ഉള്ള ഒരു കാര്യത്തെ ഉൾകൊള്ളുക എന്നതാണോ വിശ്വാസം? ഒരിക്കലുമല്ല! താൻ ഇത് വരെ കാണുകയോ കേൾക്കുകയോ ശാസ്ത്രനിരീക്ഷണം വഴി കണ്ടെത്തുകയോ ചെയ്യാത്ത ഒരു കാര്യം അത് മതഗ്രന്ഥത്തിൽ വന്നിട്ടുണ്ട് എന്നത് കൊണ്ട് മാത്രം അഥവാ ആ മതഗ്രന്ഥം ദൈവപ്രോക്തമാണു എന്ന ധാരണയുടെ അടിസ്താനത്തിൽ ഉറച്ച് വിശ്വസിക്കുക എന്നതാണു മത വിശ്വാസം. ആ ഒരർത്ഥത്തിൽ എല്ലാ മതവിശ്വാസവും ഒരു തരം അന്ധമായ വിശ്വാസം തന്നെയാണു. ഇന്ന് തെളിഞ്ഞില്ലെങ്കിലും നാളെ സത്യം തെളിയും എന്ന ഉറച്ച വിശ്വാസം. അപ്പോൾ മതവിശ്വാസികൾ എന്ന് വിളിക്കപ്പെടുന്നവരുടെ വിശ്വാസം ചോദ്യത്തിലാകും. കാരണം സ്വർഗ്ഗ നരകങ്ങൾ എല്ലാ മതവിശ്വാസങ്ങളുടെയും ഭാഗമാണെന്നിരിക്കെ ഭൂരിഭാഗം പേരും മതവിശ്വാസികൾ ആണു എന്നും ഇരിക്കെ ആരും എന്ത് കൊണ്ട് നന്മ ചെയ്ത് സ്വർഗ്ഗത്തിലേക്കെത്താൻ മൽസരിക്കുന്നില്ല? അധാർമ്മികതകളിൽ മുഴുകുന്ന മതവിശ്വാസി എന്ത് കൊണ്ട് നരകത്തിൽ നിന്ന് ഓടിയൊളിക്കുന്നില്ല? എന്ത് കൊണ്ട് ആധ്യാത്മിക ഗുരുക്കന്മാർ വരെ ഇതിൽ നിന്ന് വിഭിന്നമല്ല.? ഇവിടെയാണു ശരിക്കും സ്വർഗ്ഗത്തിലും നരകത്തിലും വിശ്വാസം ഉള്ളവരുടെ അവസ്ഥ വ്യത്യസ്ഥമാകുന്നത്. അവനെ സംബന്ധിച്ച് അത് രണ്ടും യഥാർത്ഥ്യമാണു എന്നു ഉറപ്പാണു. അതിനു വേണ്ടി പണിയെടുക്കുക എന്നത് ഒരു നഷ്ടക്കോളാളായി അവൻ ഒരിക്കലും കാണുകയില്ല. അവന്റെ ഉറച്ച വിശ്വാസം അവനെ നന്മയിലേക്ക് അടുപ്പിക്കും തിന്മയിൽ നിന്നും അകറ്റും.
പക്ഷെ, ഒരു കാര്യം കൂടി പറയാതെ നിർത്തുന്നത് ശരിയല്ല എന്ന് തോന്നുന്നു. മതവിശ്വാസത്തിന്റെ കാര്യത്തിലും ഒരു ബെൽസ് കർവ്വ് ഉണ്ട്. അത് കൊണ്ട് തന്നെ ഭൂരിഭാഗവും ഒരു അഴകൊഴമ്പൻ വിശ്വാസത്തിലായിരിക്കും. നല്ലനിലയിൽ പരലോക വിശ്വാസമുള്ളവർ ബെൽസ് കർവ്വിന്റെ വലത്തെ അറ്റത്തെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. !!!

No comments:
Post a Comment