Friday, September 6, 2013

പ്രവാചകന്മാർക്ക് നൽകിയ മുഅജിസത്തുകൾ


സുഹൃത്തുക്കളേ,
അസ്സലാമു അലൈകും
കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച ഈ ഏളിയ ഇസ്ലാമിക പഠന ബ്ലോഗിലൂടെ നാം പങ്ക് വെച്ച അറിവിനെ അല്ലാഹു സ്വാലിഹായ ഒരു അമലായി സ്വീകരിക്കുമാറാകട്ടെ. നമ്മുടെ എല്ലാ കർമ്മങ്ങളും അവന്റെ പ്രീതിയെ ഉദ്ദേശിച്ച് മാത്രം ആകട്ടെ. ആമീൻ

ഈ ബ്ലോഗിലൂടെ നിരന്തരമായി നമ്മൾ ശിർക്കിന്റെ ഗൗരവത്തെ പറ്റിയും, ബിദ് അത്തുകളുടെ അപകടങ്ങളെ പറ്റിയും, സുന്നത്തുകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ ചർച്ച ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ പുണ്യകർമ്മങ്ങളെയെല്ല്ലാം പൊളിച്ച് കളയുന്ന, സ്വർഗ്ഗം ഹറാമാക്കുന്ന, നരകം നിർബന്ധമാക്കുന്ന അല്ല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണു ശിർക്ക് എന്നും മനസ്സിലാക്കി. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കൽ നിർബന്ധം ആണെന്നും നാം മനസ്സിലാക്കി.

എന്നാൽ നമ്മളിൽ പലർക്കും ഉണ്ടായേക്കാൻ ഇടയൂള്ള ചില സംശയങ്ങൾ കൂടി ക്ലിയർ ആക്കിയാൽ നന്നായിരുന്നു എന്ന് തോന്നി.
പ്രവാചകന്മാരുടെ മു അജിസത്തുക്കളെയും മഹാത്മാക്കളുടെ കറാമത്തുകളെയും സംബന്ധിച്ച് ഇസ്ലാമിക പ്രമാണങ്ങളിൽ വന്ന കാര്യങ്ങൾ നിങ്ങളുമായി ഇൻ ഷാ അല്ലാഹ് പങ്ക് വെക്കുകയാണു.

പല ആളുകളോടും പേർസ്സണൽ ആയി സംസാരിക്കുമ്പോൾ ഉന്നയിക്കാറുള്ള ഒരു സംശയം ഇതാണു- "നമ്മൾ പരസ്പരം സഹായം ചോദിക്കാറില്ലേ?. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അല്ലാഹു നൽകിയ കറാമത്തുകളിൽ നിന്ന് അവരോട് സഹായം ചോദിക്കുന്നതിൽ എന്താണു തെറ്റ്?"

ഈ ചോദ്യത്തിന്റെ അടിസ്ഥാനം മു അജിസത്തുകളെ പറ്റിയോ കറാമത്തുകളെ പറ്റിയോ ശരിയായ ധാരണയില്ലാത്തതാണു.

എന്താണു മു അജിസത്ത്?
അല്ല്ലാഹു തന്റെ പ്രവാചകന്മാർക്ക് അവർ അല്ലാഹുവിന്റെ ദൂതന്മാർ ആണു എന്നതിന്റെ തെളിവായി അവതരിപ്പിക്കുന്ന ദ്രിഷ്ടാന്തങ്ങളാണു മുജിസത്തുകൾ. അത് അവരുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നതല്ല. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന അറിവ് തന്നെ അവർക്ക് ഉണ്ടാകണം എന്നില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അത് സംഭവിക്കുന്നു. മൂസാ നബി അ സ യുടെ സംഭവം വിശുദ്ധ ക്വുർ ആനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുമ്പോൾ ഇത് ബോധ്യമാകും.


"അവന് (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.(20:19,20)"

"മൂസാ പറഞ്ഞു: ഫിര്ഔനേ, തീര്ച്ചയായും ഞാന് ലോകരക്ഷിതാവിങ്കല് നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്റെ പേരില് സത്യമല്ലാതൊന്നും പറയാതിരിക്കാന് കടപ്പെട്ടവനാണ് ഞാന്. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. അതിനാല് ഇസ്രായീല് സന്തതികളെ എന്റെ കൂടെ അയക്കൂ. ഫിര്ഔന് പറഞ്ഞു: നീ തെളിവും കൊണ്ട് തന്നെയാണ് വന്നിട്ടുള്ളതെങ്കില് അതിങ്ങ് കൊണ്ടുവാ; നീ സത്യവാന്മാരില് പെട്ടവനാണെങ്കില്.അപ്പോള് മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് ഒരു പ്രത്യക്ഷമായ സര്പ്പമാകുന്നു.(7:104 -107)"

"നീ നിന്റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള് അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.(28:31)"

"അവന് പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്.(20:21)"

ഈ സന്ദർഭങ്ങൾ പഠിച്ചാൽ ബോധ്യമാകുന്ന വസ്തുത അല്ലാഹു വടി താഴെയിടാൻ പറഞ്ഞപ്പോൽ പോലും, മൂസാ നബിക്ക് തന്റെ വടി നിലത്തിട്ടാൽ പാമ്പ് ആകും എന്ന് അറിഞ്ഞില്ല എന്നതാണു. അദ്ദേഹം വടി പാമ്പായപ്പോൾ ഓടി രക്ഷപെടാനാണു ശ്രമിച്ചത്. ഈ സംഭവം വ്യക്തമാക്കുന്നത് വടിയെ പമ്പാകുക എന്നത് പൂർണ്ണമായും അല്ലഹുവിന്റെ കഴിവാണു, അതിൽ മൂസ നബിക്ക് പങ്കില്ല എന്നുമാണു.

കടൽ പിളർത്തിയ സംഭവം നോക്കൂ...

"അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള് മൂസായുടെ അനുചരന്മാര് പറഞ്ഞു: തീര്ച്ചയായും നാം പിടിയിലകപ്പെടാന് പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന് എനിക്ക് വഴി കാണിച്ചുതരും. അപ്പോള് നാം മൂസായ്ക്ക് ബോധനം നല്കി; നീ നിന്റെ വടികൊണ്ട് കടലില് അടിക്കൂ എന്ന് അങ്ങനെ അത് (കടല് ) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്വ്വതം പോലെ ആയിത്തീരുകയും ചെയ്തു"(26: 61-63)

ഇവിടെയും അല്ലഹുവിന്റെ ബോധനം വന്നതിനു ശേഷമാണു മൂസ നബി വടി കൊണ്ട് സമുദ്രത്തിൽ അടിക്കുന്നത്. വടി കൊണ്ട് അടിച്ചാൽ കടൽ പിളരുമെന്ന അറിവ് പോലും മൂസാ നബിക്കില്ല എന്ന് വ്യക്തം.

ഇത് മൂസാ നബിയുടെ മാത്രം കാര്യമല്ല എന്ന് വിശുദ്ധ ക്വുർ ആനിൽ കാണാം, സ്വന്തം ഇഷ്ടപ്രകാരം അത്ഭുതങ്ങൾ അഥവാ അമാനുഷിക സംഭവങ്ങൾ കാണിക്കാൻ പ്രവാചകന്മാർക്ക് കഴിവ് ഇല്ല എന്ന് വിശുദ്ധ ക്വുർ ആൻ തീർത്ത് പറയുന്നു.

"അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ഞങ്ങള് നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന് ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന് ഞങ്ങള്ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള് ഭരമേല്പിക്കേണ്ടത്.(14:11)"

ഇനി സൃഷ്ടികളിൽ ഏറ്റവും ഉന്നതനായ മുഹമ്മദ് നബി സ അ യുടെ കാര്യം എടുക്കാം. എല്ലാവർക്കും നേർ മാർഗ്ഗം കിട്ടണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന സ്നേഹനിധിയായ പ്രവാചകൻ സ അ യോട് അവിശ്വാസികൾ അൽഭുതം പ്രവർത്തിക്കാൻ ആവഷ്യപെടുന്ന സന്ദർഭം വിശുദ്ധ ക്വുർ ആൻ വിവരിക്കുന്നുണ്ട്. അതിൽ വ്യക്തമായും പറയുന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് പ്രവാചകനില്ല എന്നാണു. മറിച്ച് അത് അല്ലാഹുവിന്റെ അധീനത്തിലാണു എന്നാണു.

"അവര് പറഞ്ഞു: ഈ ഭൂമിയില് നിന്ന് നീ ഞങ്ങള്ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള് നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില് നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള് ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില് നീ ജല്പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല് കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില് അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില് നിനക്ക് സ്വര്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില് ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള് വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ ?(17: 90-93)"

"അവര് പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില് ഭൂമിയില് (ഇറങ്ങിപ്പോകുവാന്) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന് നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല് നീ ഒരിക്കലും അവിവേകികളില് പെട്ടുപോകരുത്.(6:35)."

"നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്.(13:38) "

അല്ലാഹു ഓരോ സൃഷ്ടിക്കും അത് ജീവനുള്ളതാകട്ടെ, ജീവനില്ല്ലാത്തതാകട്ടെ ഒരു പ്രകൃതി നൽകിയിട്ടുണ്ട്. അതിനതീതമായി പ്രവർത്തിക്കാൻ ഒരു സൃഷ്ടിക്കും സാധിക്കില്ല. പ്രകൃതിക്കതീതമായ അമാനുഷിക സംഭവങ്ങൾ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം സംഭവിക്കുന്നു. അതിന്റെ പൂർണ്ണമായ കൈകാര്യ കർത്താവു അല്ലാഹു മാത്രമാണു. അതിനു അധികാരമുള്ള കുറച്ച് പേരെ കൂടി അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ അത് വ്യക്തമായ ബഹുദൈവവിശ്വാസമാണു.മക്കാ മുശ്രിക്കുകളുടെ വിശ്വാസമാണത്.അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ; "അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ". ( സ്വഹീഹ് മുസ്ലിം)

അല്ലാഹു കാക്കട്ടെ! ആമീൻ.


                                                                                 
                                                                Dr. Shabeer Mohammed




No comments:

Post a Comment